എം എസ് എം ഇ ദിനം ആചരിച്ചു : ലക്ഷ്യം ഗിന്നസ് വേൾഡ് റിക്കോർഡ് ; സുസ്ഥിര വികസനത്തിനും സമ്പദ് ഘടനയ്ക്കും എം എസ് എം ഇ കളുടെ പങ്ക് വലുതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : സുസ്ഥിര വികസനത്തിനും സമ്പദ് ഘടനയ്ക്കും എം എസ് എം ഇ കളുടെ പങ്ക് വളരെ വലുതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ ) കോഴിക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ എം എസ് എം ഇ ദിന മഹോത്സവവും സെമിനാറും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രംഗത്ത് വിജയിച്ച വികസിത രാജ്യങ്ങളുടെയും സമ്പദ് ഘടനയുടെ വലിയ പങ്കും എം എസ് എം ഇ കൾ മുഖേനയാണ്. സംസ്ഥാന സർക്കാർ തന്നെ വിവിധ പദ്ധതികളിലൂടെ എം എസ് എം ഇ കൾക്ക് ധന സഹായം നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചാലപ്പുറം കേസരി ഭവനിൽ നടന്ന ചടങ്ങിൽ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. സർക്കാർ പദ്ധതികളും സംരഭകരും വിഷയത്തിൽ ഇൻസ്ട്രീസ് എക്സറ്റൻഷൻ ഓഫീസർ പി വിപിൻ ദാസും ധനസഹായവും വികസന പദ്ധതികളും വിഷയത്തിൽ നബാർഡ് കോഴിക്കോട് ജനറൽ മാനേജർ വി . രാകേഷും ക്ലാസെടുത്തു. എസ് ബി ഐ ഡെപ്യൂട്ടി മാനേജർ പ്രിൻസി പി സുരേന്ദ്രൻ , കാനറ ബാങ്ക് ക്രെഡിറ്റ് ഓഫീസർ വി എ അസന്യ, കേരള ബാങ്ക് സീനിയർ മാനേജർ ടി കെ ജീഷ്മ , പി എ തങ്കച്ചൻ , കെ ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ഐ സി എ ഐ കോഴിക്കോട് ശാഖ ചെയർ പേഴ്സൺ എം അത്ഭുത ജ്യോതി സ്വാഗതവും സെക്രട്ടറി സി രവി ചന്ദ്രശേഖർ നന്ദിയും പറഞ്ഞു. ഇന്ത്യയിലുടനീളം ഏറ്റവും കൂടുതൽ ചെറുകിട സൂഷ്മ സംരംഭകരും ഐ സി എക്കാരും ഒരേ സമയം ഒരു വേദിയിൽ എം എസ് എം ഇ ദിനത്തിൽ സംഗമിച്ചത് ലോക റിക്കോർഡും ലക്ഷ്യമിടുന്നതായി എം അത്ഭുത ജ്യോതി പറഞ്ഞു.
ഫോട്ടോ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ ) കോഴിക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ കേസരി ഭവനിൽ നടത്തിയ എം എസ് എം ഇ ദിന മഹോത്സവവും സെമിനാറും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നു. ഇടത് നിന്നും വിപിൻ ദാസ് , വി രാകേഷ് , രവി ചന്ദ്രശേഖർ , പി തങ്കച്ചൻ, എം അത്ഭുത ജ്യോതി , കെ ഗിരീഷ് എന്നിവർ സമീപം.