ആവേശം ഒഴുകി ; മന്ത്രി ടി സിദ്ദിഖിന് കോഴിക്കോട് സ്വീകരണം
കഠിനാദ്ധ്വാനവും കൂട്ടായ്മയും ഉണ്ടെങ്കിൽ വിജയം ഉറപ്പ് : മന്ത്രി
കോഴിക്കോട് : ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റ് ആദ്യമായി കോഴിക്കോട് എത്തിയ അഡ്വ ടി സിദ്ദിഖിന് കോഴിക്കോട് റെയിൽ വേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. തുടർന്ന് ജില്ല കോൺഗ്രസ് ഓഫീസിൽ പൊതുയോഗത്തിൽ അനുമോദന യോഗവും സംഘടിപ്പിച്ചു. എം എൽ എ മാരായ അഡ്വ കെ പ്രവീൺ കുമാർ, അഡ്വ വിദ്യ ബാലകൃഷ്ണൻ, കെ എം അഭിജിത്ത്, വി ടി സൂരജ് എന്നിവർ ചേർന്ന് സിദ്ദിഖിനെ ഷാൾ അണിയിച്ചാണ് ഡി സി സി ആസ്ഥാനത്തേക്ക് സ്വീകരിച്ചത്. കേക്കും മുറിച്ച് സന്തോഷം പങ്കിട്ടു. കഠിനാദ്ധ്വാനവും കൂട്ടായ്മയും ഉണ്ടെങ്കിൽ വിജയം ഉറപ്പായും നേടുമെന്നതിന് തെളിവാണ് ജില്ലയിലെ യു ഡി എഫ് വിജയമെന്ന് ടി സിദ്ദിഖ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജില്ലക്ക് മന്ത്രി ഇല്ല എന്നതിൽ ഖേദിക്കേണ്ടതില്ല , താൻ ഈ ജില്ലയുടെ കൂടി മന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി സി സി അധ്യക്ഷൻ കെ പ്രവീൺ കുമാർ എം എൽ എ അധ്യക്ഷനായി. എൻ സുബ്രഹ്മണ്യൻ, പി എം നിയാസ്, ദിനേശ് പെരുമണ്ണ തുടങ്ങിയവർ സംസാരിച്ചു.

