കെയർ ഫൗണ്ടേഷൻ – നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം : “ജേർണി ഓഫ് ഹോപ്പ്” മാർച്ച് 13 ന്
കോഴിക്കോട്: സ്ത്രീ ശാക്തീകരണവും ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് കെയർ ഫൗണ്ടേഷനും നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (നാംകോസ്) സംയുക്തമായി വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമത്തിൽ “മുട്ടഗ്രാമം പദ്ധതി” നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ഗ്രാമത്തിലെ 448 കുടുംബങ്ങൾക്ക് ഓരോ കുടുംബത്തിനും
50 ബി വി-380 ഇനം മുട്ടക്കോഴികളും ഒരു ഹൈടെക് കോഴിക്കൂടും നൽകുന്നതാണ് പദ്ധതി. ഇതിലൂടെ ഗ്രാമത്തിലെ കുടുംബങ്ങൾക്ക് സ്ഥിരമായ മാസവരുമാനം ലഭ്യമാക്കുകയും സ്ത്രീകളെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. സുരക്ഷിതവും ഹോർമോൺ രഹിതവുമായ മുട്ടകൾ പ്രാദേശിക സമൂഹങ്ങൾക്ക് ലഭ്യമാക്കുന്നതിനും ഈ പദ്ധതി സഹായകരമാകും. പദ്ധതിയുടെ ഫണ്ട് സമാഹരണത്തിനായി “സമന്വയ മെഗാ ഷോ” സംഘടിപ്പിക്കുന്നു. ഇതിന് മുന്നോടിയായി മുട്ടഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും മെഗാ ഷോയുടെ ആദ്യ ടിക്കറ്റ് വിതരണോദ്ഘാടനവും “ജേർണി ഓഫ് ഹോപ്പ്” മാർച്ച് 13 ന് വൈകീട്ട് 3 ന് കോഴിക്കോട്
ടൗൺ ഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കും. ആദ്യ ടിക്കറ്റ് മലബാർ ഹോസ്പിറ്റൽ ആൻ്റ് യൂറോളജി സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. മിലി മോണി സ്വീകരിക്കും. ചടങ്ങിൽ നാംകോസ് ഉദ്ഘാടനം ചെയ്ത പ്രശസ്ത കർഷകനും പത്മശ്രീ ജേതാവും വയനാട് സ്വദേശിയുമായ ചെറുവയൽ രാമനെ ആദരിക്കും. മുട്ടഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തിയവരിൽ തിരുനെല്ലി സ്വദേശികളായ 30 സംരംഭക വനിതകളുമായി സംവാദവും നടക്കും. കെയർ ഫൗണ്ടേഷൻ ചെയർമാൻ ബിനു ജി. കുറുപ്പ് അധ്യക്ഷത വഹിക്കും. നാംകോസ് ചെയർമാൻ കെ.ബി. ശ്രീരാജ്, മാനേജിംഗ് ഡയറക്ടർ എൻ. ഫിറോസ്, വൈസ് ചെയർമാൻ പി.പി. സുരേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഷൈനി ചാർളി എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ നാംകോസ് ജനറൽ മാനേജർ കെ. മിഥുൻ, കെയർ ഫൗണ്ടേഷൻ കോർഡിനേറ്റർ ജേഷ്മ ബബിലേഷ് , പ്രോഗ്രാം കോർഡിനേറ്റർ അഭിലാഷ് പുതുക്കുടി എന്നിവർ പങ്കെടുത്തു.